[go: nahoru, domu]

Jump to content

കുംഭാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൺപാത്രങ്ങൾ

ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാലൻ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ്‌ ഇത്.[1]

പ്രത്യേകതകൾ

[തിരുത്തുക]

ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു‍. തെലുങ്കിനോട്‌ സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത്‌ . കു :- ശിവന്‍ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ്.[2][3]

ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ ) കുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.

  • പട്ടകാട്
  • സെലവനെ
  • സവിദ്രി
  • ജോഗം
  • പുലിന്തലം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കുംഭാരന്മാരുടെ എല്ലാ വിവാഹം, മരണാനന്തര കർമ്മങ്ങൾ മുതലായ എല്ലാ വിശേഷങ്ങളിലും ഈ അഞ്ച് വിഭാഗത്തിലേയും ആൾക്കാർ വേണമെന്ന് നിർബന്ധമുണ്ട്.[4]

ഐതിഹ്യം

[തിരുത്തുക]

ദേവലോകത്ത്‌ ദേവന്മാരുടെ പൂജനടക്കുന്ന സമയത്ത് കർമ്മങ്ങൾക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോൾ ദേവന്മാരെല്ലാം അസ്വസ്ഥരായി . ഉടൻ തന്നെ ദേവന്മാരെല്ലാം ശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ശിവൻ അതിനുള്ള പരിഹാരമായി മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു . അയാൾക്ക്‌ മണ്ണ് കൊണ്ട് കുടങ്ങൾ ഉണ്ടാക്കാനുള്ള വരം കൊടുത്തു . കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി , മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ [ഗംഗാ ജലവും] ചളിയും , ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദർശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തിൽ നിന്ന് കുംഭം വേർപ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു . ശിവൻ ശിരസിൽ നിന്നൊഴുകുന്ന ഗംഗാ ജലംകൊണ്ട് കൈ നനച്ച് കുംഭത്തിന്റെ അടിഭാഗം മൂട്ടി .നനഞ്ഞ പച്ച കളിമണ്ണ് കുംഭം ആയതിനാൽ ശിവൻ പറഞ്ഞു “ചുടു കുശവ ” . ഉടനെതന്നെ കുംഭം ചുളയ്ക്ക് വെച്ച് ചുട്ടെടുത്തു . അങ്ങനെയാണ് കുശവൻ എന്നറിയപ്പെട്ടത്‌.[5]

സവിഷേതകൾ

[തിരുത്തുക]

ചക്രംകുംഭാര സമുദായത്തിന്റെ ജീവിതത്തിൽ ഒരു കുട്ടി ജനിക്കുന്നതും ആ കുട്ടിക്ക് വേണ്ട കർമ്മങ്ങൾ ചെയുന്നതും , കല്യാണ നിശ്ചയ്മായാലും , കല്ല്യാണമായാലും , മരണാനന്തര ചടങ്ങുകളായാലും , എല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്നവരാണ് ഇവർ.

ഒരു സ്ത്രീ ഗർഭിണിയായാൽ എഴാം മാസം ഭർതൃഗ്രഹത്തിൽ നിന്നും ഭാര്യ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുന്നു .” കൂട്ടികൊണ്ട് പോകുക” എന്നാണു ഈ ചടങ്ങിനെ പറയുന്നത് . ഇതിനു മുന്നേ മന്ത്രവാദ ശൈലിയിലുള്ള ഉഴിഞ്ഞുകളയലുണ്ട് . . പ്രസവിക്കുന്നത് വരെ ഭാര്യ വീട്ടിലാണ്‌ നിൽക്കുന്നത് .ഇരുപത്തിയെട്ടാം ദിവസമാണ്‌ “കാതുകുത്ത്‌” , “ചരട് കെട്ടൽ” എന്നിവ നടത്തി വന്നിരുന്നത് . ഇതിന്റെ അവകാശം അച്ഛനും അമ്മാവനും ആണ് . പണ്ടുകാലങ്ങളിൽ ഈ ചടങ്ങകൾ വളരെ ഗംഭീരമായി തന്നെയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഇതു നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത് .

ഇന്നത്തെ പോലെ ചെക്കനും പെണ്ണും കണ്ടു ഇഷ്ട്ടപ്പെട്ടായിരുന്നില്ല കല്ല്യാണം നടന്നിരുന്നിരുന്നത് . കാരണവന്മാർ പോയി പെണ്ണിനെ കണ്ടു ഇഷ്ട്ടപ്പെട്ടാൽ നിശ്ചയതിനുള്ള ചടങ്ങുകൾ തുടങ്ങുകയായി . നിശ്ചയം എന്നതിനെ “അച്ചാരം” എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു ദിവസം തീരുമാനിച്ച്‌ ചെക്കന്റെ വീട്ടുക്കാർ പെണ്ണിന്റെ വീട്ടിലേയ്ക്ക്‌ വരുന്നു . എല്ലാവരും എത്തി നിലവിളക്ക് കൊളുത്തിവെച്ചു നാക്കിലയിൽ അഞ്ചേകാൽ രൂപ അച്ചാര പണം വെച്ച് “ഇന്ന സ്ഥലത്തെ ഇന്ന തറവാട്ടിലെ ഇന്ന ആളുടെ മകനെ ഇന്ന സ്ഥലത്തെ ഇന്ന തറവാട്ടിലെ ഇന്ന ആളുടെ മകളെ കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു . അതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ” എന്ന് മൂന്ന് തവണ വിളിച്ച് ചോദിക്കും . വിളിച്ച് ചോദിച്ച് കഴിഞ്ഞ് അച്ചാര പണമെടുത്ത് ചെക്കന്റെ വീട്ടുക്കാര് പെണ്ണിന്റെ അച്ചന്റെയോ അമ്മാവന്റെയോ കൈയ്യിൽ കൊടുത്ത് “അച്ചാരം” ഉറപ്പിക്കുന്നു . പെണ്ണിന്റെ വീട്ടുക്കാര് ചെക്കന്റെ വീട്ടുക്കാരുടെ വേണ്ടപ്പെട്ടവരെ നേരിട്ട് കണ്ട് ക്ഷണിക്കണം . ഇവർക്കിടയിലെ പ്രധാന ചടങ്ങായിരുന്നു ഇത് , അല്ലാത്ത പക്ഷം അവർ പങ്കെടുക്കുമെങ്കിലും ഭക്ഷണം കഴിക്കില്ല . നിശ്ചയത്തിന് ശേഷമുള്ള ഏതൊരു ചടങ്ങിനും ഇക്കാര്യം പറഞ്ഞിരിക്കണം ഇല്ലെങ്കിൽ തെറ്റ് പറയുക പോലുള്ള ചടങ്ങുകളും ഇവർക്കിടയിൽ നിലനിന്നിരുന്നു . അതിനുശേഷം എല്ലാവരുടെയും ഒഴിവിനനുസരിച്ച് ഒരു ദിവസം ഒത്തുകുടി കല്ല്യാണത്തിന്റെ തിയ്യതി നിശ്ചയിക്കുന്നു . ഇത്തരത്തിലുള്ള പ്രധാനച്ചടങ്ങുകൾക്കെല്ലാം ഇവർക്കിടയിൽ അഞ്ച് ഉപവിഭാഗങ്ങളുടെയും കാരണവന്മാർ ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു.

ചടങ്ങ് കല്ല്യാണ ദിവസത്തെ ഇവരുടെ വേഷവിതാനങ്ങൾക്ക് വളരെയധികം പ്രത്യേകതയുണ്ടായിരുന്നു . പഴയകാല നാട്ടുരാജാക്കന്മാരെ ഓർമ്മിപ്പിക്കും വിധത്തിലുള്ള വേഷമാണ് വരനെ ഉടുപ്പിക്കുന്നത് . വെള്ളമുണ്ട് കൊണ്ട് തറ്റുടുത്ത്‌ പട്ടുകൊണ്ട് കുപ്പായം ഉണ്ടാക്കിയാണ് ധരിച്ചിരുന്നത് . കൂടാതെ തലയിൽ കീരിടം ധരിക്കുന്ന പതിവും നിലനിന്നിരുന്നു . മുത്തുകളാൽ അലന്ക്രതമായ രാജാക്കന്മാരുടെ സ്ഥാനമാനങ്ങളായ കിരീടവുമായി വളരെ സാമ്യം ഉണ്ടായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കിരീടത്തിന് . ഇതായിരുന്നു വരന്റെ വേഷം . വധു സെറ്റ് സാരിയുടുത്തു വിവിധ ആഭരണ ഭൂഷയായാണ് വരുന്നത് . വേഷവിതനത്തിലെ ഏറ്റവും പ്രത്യേകത , കല്യാണ ദിവസം സാരി യുടുക്കുബോൾ ബ്ലൌസ്‌ ഉപയോഗിച്ചിരുന്നില്ല . സാരിയുടെ മുന്താണി തലയിലൂടെ ഇട്ട് മുഖം മാത്രം കാണിച്ചു കൊണ്ടാണ് വധുവിന്റെ ഇരുത്തം . പഴയ കാലത്ത്‌ നബൂതിരിമാരുടെ കല്ല്യാണത്തിന് വധുവിനെ ഒരുക്കുന്ന പോലെയാണ് കുംഭാര സമുദായത്തിലും വധുവിനെ ഒരുക്കുന്നത് . ഇവർക്ക്‌ മൂക്കുത്തി ധരിക്കണം എന്നത് നിർബന്ധമായിരുന്നു .

മരണാനന്തര ചടങ്ങുകൾക്ക് ഇവർക്കിടയിൽ വ്യത്യസ്തമായ ഒരു സ്വഭാവം നമുക്ക് കാണാൻ കഴിയും . അച്ഛൻ താവഴിയാണ് പുലബന്ധം . അമ്മ വഴി യാതൊരു വിധത്തിലുള്ള പുലബന്ധവും ഇല്ല. മരിച്ച് കഴിഞ്ഞാൽ ശവശരീരം മറവ് ചെയ്യുകയാണ് പതിവ് . പതിനഞ്ചു ദിവസമാണ്‌ ഇവരുടെ പുലയെടുക്കുന്നത് . പുല അവസാനിക്കുന്ന ദിവസം പുഴയിൽ പോയി മരിച്ചയാളുടെ പ്രതിമ ഉണ്ടാക്കി അതിൽ അദ്ദേഹത്തെ ആവാഹിച്ച് തിരിച്ച് കൊണ്ടുവരുന്നു . ഇതിന് പുറമേ മരിച്ച കാരണവന്മാരെയും ആവാഹിക്കാറുണ്ട് . ഭർത്താവ് മരിച്ചതാണെങ്കിൽ പതിനഞ്ചാം ദിവസത്തെ കർമ്മത്തോടെയാണ് സ്ത്രികൾ താലി പൊട്ടിക്കുന്നത് . ഈ ദിവസത്തെ ബലിയിടൽ വീട്ടിലാണ് . ഇതിന് പുറമേ മറ്റൊരു ദിവസത്തിലും ഇക്കൂട്ടർ പുറത്തുപോയി ബലിചെയ്യാറുണ്ട് .പിണ്ഡം വയ്ക്കുന്ന പതിവ് ഇവർക്കിടയിൽ ഇല്ല . വിധവകളുടെ താലിപൊട്ടിക്കുന്നത് തലയിൽ കുടി മുണ്ട് ഇട്ടതിന് ശേഷമാണ് . മറ്റൊരു വിധവയ്ക്ക് മാത്രമായിരുന്നു താലി പൊട്ടിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നത് . പൊട്ടിച്ച താലി ഉപേക്ഷിക്കാറില്ല . സൂക്ഷിച്ചു വയ്ക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിന് എടുക്കുകയോ ആണ് പതിവ് . കർമ്മങ്ങൾ കഴിയുന്നത്‌ വരെ വിധവ “മുണ്ട സാരി” ഉടുത്താണ് ഇരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രികളെ മുണ്ട എന്നാണ് പറഞ്ഞിരുന്നത് . അതുകൊണ്ട് തന്നെ അവരുടുക്കുന്ന വസ്ത്രത്തെ മുണ്ട സാരി എന്ന് പറയുന്നു .

പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പല ആചാരങ്ങളും നാമ മാത്രമായിരിക്കുന്നു . ഭീമമായ ചെലവും ബന്ധുക്കളുടെ സാന്നിന്ധ്യ കുറവുമാണ് ഈ ഒരു വലിയ ജീവിതരീതി അസ്തമിച്ചു കൊണ്ടിരിക്കുന്നത് .

പാത്രം നിർമ്മിക്കുന്നത്‌ നല്ല ദിവസം നോക്കി ആലയിൽ പൂജ ചെയ്തതിന് ശേഷമാണ് പാത്രങ്ങൾ നിർമ്മിക്കുവാൻ ആരംഭിക്കുന്നത് . കളിമണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവിൽ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയിൽ വടി വെച്ച് ചക്രം വേഗത്തിൽ കറക്കി ,ചക്രത്തിലെ കളിമണ്ണിൽ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം . ഇങ്ങനെയാണ് പാത്രങ്ങൾ ഉണ്ടാക്കുന്നത് . കുഭാരൻമാരുടെ പ്രധാന ദൈവം മാരിയമ്മൻ മധുരമീനാക്ഷിയാണ് . കൂടാതെ ഹനുമാൻ സ്വാമി , വീരഭദ്രൻ , കറുപ്പ് സ്വാമി എന്നി ദേവന്മാരെയും ഇവർ പൂജിക്കുന്നു .വീരഭദ്രൻ കറുപ്പു സ്വാമിമാരിയമ്മൻ പൂജ മൂന്നു തരത്തിലാണ് ചെയുന്നത് . മുഴുവൻ പൂജ , അര പൂജ ,കാൽ പൂജ . മുഴുവൻ പൂജ മൂന്നു ദിവസമാണ്‌ . ശനിയാഴ്ചയാണ് ഇതു നടത്തുന്നത് .

അവലംബം

[തിരുത്തുക]
  1. https://prd.kerala.gov.in കേരള സർക്കാർ, പ്രസിദ്ധീകരിച്ചത് 09-02-2023
  2. https://www.mathrubhumi.com മാതൃഭൂമി 18 May 2023
  3. http://www.niyamasabha.org പതിനഞ്ചാം കേരള നിയമസഭ, രണ്ടാം സമ്മേളനം
  4. https://www.kalakaumudi.com Archived 2023-08-21 at the Wayback Machine. കലാകൗമുദി 08 06 2019
  5. https://www.doolnews.com 22-12-2019
"https://ml.wikipedia.org/w/index.php?title=കുംഭാരൻ&oldid=4110950" എന്ന താളിൽനിന്ന് ശേഖരിച്ചത്