ദാന്തെ അലിഗ്യേരി
ദാന്തെ അലിഗ്യേരി | |
---|---|
തൊഴിൽ | Statesman, poet, language theorist |
ദേശീയത | Italian |
ഒരു ഇറ്റാലിയൻ കവിയായിരുന്നു ദാന്തെ അലിഗ്യേരി (മെയ്/ജൂൺ 1265 - സെപ്റ്റംബർ 13/14, 1321). അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയാണ് ലാ ഡിവിനാ കൊമേഡിയ (ഡിവൈൻ കോമഡി). ദ് ഡൈവൈൻ കോമഡിയിലെ ഏറ്റവും പ്രശസ്തമായ ഭാഗം പുസ്തകത്തിന്റെ ആദ്യത്തെ മൂന്നിലൊന്ന് ഭാഗമാണ് - കാവ്യത്തിന്റെ ആദ്യത്തെ 34 ഖണ്ഡികകൾ (cantos). ഇൻഫെർണ്ണോ (നരകാഗ്നി) എന്ന ഈ ഭാഗം നരകത്തെ ഡാന്റെയുടെ ഭാവനയിൽ വർണ്ണിക്കുന്നു. ഡാന്റെ നരകത്തെക്കുറിച്ച് ഈ പുസ്തകത്തിൽ എഴുതിയതാണ് ഇന്നും വളരെ കൂടുതൽ ആളുകൾ നരകത്തെക്കുറിച്ച് വിശ്വസിക്കുന്നത്. എങ്കിലും ഡാന്റെ ഒരു വിശ്വാസി ആയിരുന്നില്ല. ഒരു കവിഭാവന എന്ന നിലയിലേ ഡാന്റെ നരകത്തെക്കുറിച്ച് എഴുതിയുള്ളൂ.
ജീവചരിത്രം
[തിരുത്തുക]1265-ൽ ജനിച്ചതായി കരുതപ്പെടുന്നു. ഡാന്റെ എന്നും ഡാന്റിയെന്നും ദാന്തെയെന്നും ഈ മഹാകവിയുടെ നാമം ഉച്ചരിക്കപ്പെടുന്നു. ദാന്തെ എന്ന പദത്തിന് 'ദാതാവ്' എന്നാണർഥം. ഫ്ലോറൻസിലെ ഒരു 'ഗ്വെൾഫ്' കുടുംബത്തിലാണ് ദാന്തെയുടെ ജനനം[1]. അലിഘീറി (അലിഗീറി) എന്നത് കുടുംബനാമമാണ്. 1283-ൽ ജെമ്മാ ഡൊണാറ്റിയെ വിവാഹം കഴിച്ചു. 1289-ൽ 'അറെസോ'യെക്ക് എതിരായി കബാൾഡിനോ നടത്തിയ യുദ്ധത്തിൽ അശ്വാരൂഢനായി മുന്നണിയിൽ ഇദ്ദേഹം പടവെട്ടിയതായി രേഖകളിൽ കാണുന്നു. ഇദ്ദേഹത്തിന്റെ കാമുകിയും ഡിവൈൻ കോമഡിയിലെ നായികയുമായ ബിയാട്രീസ് അന്തരിച്ചത് 1290 ജൂൺ 8-നാണ്. ലാ വിറ്റാ നോവ ('നവ്യജീവിതം') എന്ന കൃതിയുടെ രചന 1293-ൽ പൂർത്തിയാക്കി. 1295-നടുത്ത് ദാന്തേ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറി. 1300-ലാണ് ഡിവൈൻ കോമഡി എന്ന പ്രധാന കൃതിയിലെ കല്പിതമായ ത്രിമണ്ഡല യാത്ര ആരംഭിക്കുന്നത്. 1300 ജൂൺ 15-ന് ദാന്തെ ഫ്ളോറൻസിലെ മജിസ്ട്രേറ്റുമാരിൽ ഒരാളായി നിയമിക്കപ്പെട്ടു. 1302 മാർച്ചിൽ രാഷ്ട്രീയകാരണങ്ങളാൽ നാടുകടത്തപ്പെട്ടു. 1304-നും 1307-നും ഇടയിൽ ദ് വൾഗാരി എലക്വന്റ്ഷ്യയും (De Valgari Eloquentia), കൺവൈവ്യോയും (Convivio) രചിക്കപ്പെട്ടു. 1310-ലാണ് ഡി മോണാർക്കിയയുടെ രചന. 1314-ൽ ഡിവൈൻ കോമഡിയുടെ പ്രഥമ കാണ്ഡമായ 'ഇൻഫെർണോ' വിരചിതമായി. കുറ്റസമ്മതം നടത്തിയാൽ തിരിച്ച് നാട്ടിലെത്താമെന്ന് 1315-ൽ അധികാരികൾ അറിയിച്ചുവെങ്കിലും ദാന്തെ അതിനു വഴങ്ങിയില്ല.
ഒമ്പതാം വയസ്സിൽ കണ്ടുമുട്ടിയ ബിയാട്രീസ് പോർട്ടിനാരിയോട് ദാന്തെയ്ക്കു തോന്നിയ ഗാഢസ്നേഹം ഇദ്ദേഹത്തിന്റെ ജീവിതഗതിയുടെ വഴിത്തിരിവായി. ബിയാട്രീസിനും അന്ന് ഒമ്പതുവയസ്സായിരുന്നു. വല്ലപ്പോഴും ഒരിക്കൽ മാത്രമേ ദാന്തെയ്ക്കു ബിയാട്രീസിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ബിയാട്രീസിനെ ഒരു പ്രഭു വിവാഹം കഴിച്ചു (സൈമൺ ഡിബാർഡി). ഇരുപത്തിനാലാമത്തെ വയസ്സിൽ ബിയാട്രീസ് അന്തരിച്ചു. ദാന്തെയ്ക്ക് പല കൃതികളുടെയും രചനയ്ക്കു പ്രചോദമനമരുളിയത് ബിയാട്രീസിനോടുണ്ടായിരുന്നു അഗാധ പ്രേമമായിരുന്നു. ബിയാട്രീസിന്റെ മരണത്തിനു മുമ്പുതന്നെ ദാന്തെ ജെമ്മാ ഡൊണാറ്റിയെ വിവാഹം കഴിച്ചിരുന്നു.
ഇരുപതാമത്തെ വയസ്സുമുതൽ ദാന്തെ ബിയാട്രീസിനെക്കുറിച്ച് കവിതകൾ എഴുതിത്തുടങ്ങി. ലാ വിറ്റാ നോവ (La Vita Nova-New Life) എന്ന കൃതിയിൽ 31 പ്രതീകാത്മക കവിതകളാണുള്ളത്. പ്രേമവിഷയപരമായ ഉദാത്തവികാരം നിറഞ്ഞുനില്ക്കുന്ന കൃതിയാണിത്. ഓരോ കവിതയ്ക്കുമുള്ള വ്യാഖ്യാനമാണ് ഇതിലെ ഗദ്യഭാഗത്തിലുള്ളത്. ലാറ്റിൻ ഭാഷയിൽ 'ബിയാറ്റ' എന്ന പദത്തിന് 'അനുഗൃഹിത' എന്നാണർഥം. സങ്കല്പം, ശൈലി, പ്രതിപാദ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലാ വിറ്റാ നോവ മൗലിക കൃതിയാണ്. ആത്മകഥാപരമാണ് ഈ കൃതി.
പതിനെട്ടാമത്തെ വയസ്സു മുതൽ ദാന്തെ കവിതകൾ എഴുതിത്തുടങ്ങിയതായി കരുതപ്പെടുന്നു. ക്ലാസ്സിക് കൃതികളിൽ ചെറുപ്പകാലത്തുതന്നെ ദാന്തെ അവഗാഹം നേടിയിരുന്നു. 'സത്യവേദപുസ്തക'വുമായി ഗാഢമായ ബന്ധംതന്നെയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ദാന്തെയുടെ റൈംസ് എന്ന കൃതിയിൽ (ഇത് സമാഹരിച്ചത് ദാന്തെ അല്ല) ലാ വിറ്റാ നോവയിൽ ഇടം കിട്ടാതെവന്ന ഭാവ കവിതകളാണ് ഉൾ പ്പെടുത്തിയിരിക്കുന്നത്. ഈ ഭാവഗീതസമാഹാരത്തിന് കൺസോണീറി (Consoniere)എന്ന മറ്റൊരു പേരുകൂടിയുണ്ട്. ദാന്തെയുടെ ആദ്യകാല കവിതകൾ പലതും ഈ സമാഹാരത്തിൽ ഉൾ പ്പെടുത്തിയിരിക്കുന്നു.
കൺവൈവ്യോ (Convivio)യുടെ രണ്ടാംഭാഗം ദ് ബാങ്ക്വറ്റ് (The Banquet) എന്ന പേരിൽ അറിയപ്പെടുന്നു. സാഹിത്യത്തെക്കുറിച്ച് ദാന്തെയ്ക്കു തോന്നിയ അഭിപ്രായങ്ങൾ പലതും ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. ദാന്തെയുടെ പില്ക്കാല ഭാവഗീതങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഈ കൃതിയിലുണ്ട്.
ദാന്തെയുടെ ദ് വൾഗാരി എലക്വൻഷിയ എന്ന ഗ്രന്ഥം ഇറ്റാലിയൻ ഭാഷയെ ഗൗരവപൂർണമായ സാഹിത്യ ഭാഷയായി കാണേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഭാഷാപരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഇറ്റാലിയൻ ഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു.
ഡിവൈൻ കോമഡി എഴുതിത്തുടങ്ങിയതിനുശേഷമാണ് ദാന്തെ ഡി മൊണാർക്കിയ എന്ന ഗ്രന്ഥം രചിക്കുന്നത്. 'രാജാധിപത്യത്തെപ്പറ്റി' എന്ന ഈ കൃതിയിൽ ദാന്തെയുടെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ പ്രകടമാകുന്നു. ഈ ഗ്രന്ഥം ലാറ്റിൻ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. പള്ളിയും രാഷ്ട്രവും വേർപെട്ടുതന്നെ നില്ക്കണമെന്ന ആശയത്തിന് ഈ ഗ്രന്ഥത്തിൽ പ്രാധാന്യം നല്കിയിരിക്കുന്നു. ശക്തനായ പോപ്പും ശക്തനായ രാജാവും വേണമെന്ന് ദാന്തെ വാദിക്കുന്നു. എന്നാൽ മാത്രമേ അവർക്ക് പൊതുനന്മയ്ക്കുവേണ്ടി നിലകൊളളാൻ കഴിയുകയുള്ളൂ.
ദാന്തെയുടെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ഡിവൈൻ കോമഡിയാണ്. മൂന്ന് കാണ്ഡങ്ങളുള്ള ഈ കാവ്യത്തിന് നൂറ് സർഗങ്ങളാണുള്ളത്. ഒന്നാം കാണ്ഡം 'നരകം' (Inferno) എന്ന പേരിലും രണ്ടാം കാണ്ഡം 'ശുദ്ധീകരണ മണ്ഡലം' (Purgatory) എന്ന പേരിലും മൂന്നാം കാണ്ഡം 'സ്വർഗം' (Paradise)എന്ന പേരിലും അറിയപ്പെടുന്നു. പ്രഥമ കാണ്ഡത്തിൽ 34 സർഗങ്ങളും തുടർന്നുള്ള രണ്ടു കാണ്ഡങ്ങളിൽ 33 വീതം സർഗങ്ങളുമാണുള്ളത്. മൂന്ന് മണ്ഡലങ്ങളിലൂടെ ദാന്തെ നടത്തുന്ന യാത്രയാണ് ഈ മഹാകാവ്യത്തിന്റെ പ്രതിപാദ്യം. ബിയാട്രീസ് എന്നു പേരുള്ള സുന്ദരിയായ സമപ്രായക്കാരിയോട് ദാന്തെയ്ക്കു തോന്നിയ പ്രണയമാണ് ഈ കാവ്യം രചിക്കുന്നതിന് പ്രചോദകമായിത്തീർന്നത്. ഇരുപത്തിനാലാമത്തെ വയസ്സിൽ അന്തരിച്ച ബിയാട്രീസിനെ നായികയാക്കിക്കൊണ്ട് താൻ ഒരു കാവ്യം രചിക്കുമെന്ന് ദാന്തെ പ്രതിജ്ഞ ചെയ്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തപ്പെട്ട ഇദ്ദേഹം പരദേശത്തു വച്ചാണ് ഡിവൈൻ കോമഡിയുടെ രചന നിർവഹിച്ചത്.
14-ആം ശതകത്തിന്റെ ആദ്യഘട്ടത്തിൽ രചന പൂർത്തിയാക്കിയ ഈ കൃതിയുടെ ആദ്യ നാമം ലാ കൊമേദിയ എന്നായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷമാണ് ഡിവൈൻ കോമഡി എന്ന പേര് പ്രസിദ്ധമായത്. ദേശ ഭാഷയിലാണ് ഡിവൈൻ കോമഡി രചിക്കപ്പെട്ടത്. 'വിഷാദത്തിൽനിന്ന് സന്തോഷത്തിലേക്കു നീങ്ങുന്ന കൃതി' എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ദാന്തെ ഒരു ബഹുമുഖ പ്രതിഭയായി ആദരിക്കപ്പെടുന്നു. ഇദ്ദേഹം ഒരു വീരയോദ്ധാവും ധീര രാഷ്ട്രീയപ്രവർത്തകനും ആദർശങ്ങളിൽ അടിയുറച്ച വിശ്വാസം പുലർത്തിയ സ്നേഹഗായകനും പൊതുക്കാര്യപ്രസക്തനും തത്ത്വചിന്തകനും ഭാവഗീത രചയിതാവും ചിത്രകാരനും ഒക്കെ ആയിരുന്നു.
1321-ൽ ദാന്തെ അന്തരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ http://www.newadvent.org/cathen/04628a.htm
- ↑ http://www.telegraph.co.uk/news/newstopics/howaboutthat/2145378/Dantes-infernal-crimes-forgiven.html
സ്രോതസ്സുകൾ
[തിരുത്തുക]- Gardner, Edmund Garratt (1921). Dante, London, Pub. for the British academy by H. Milford, Oxford University Press.
- Hede, Jesper. (2007). Reading Dante: The Pursuit of Meaning. Lanham, MD: Lexington Books.
- Miles, Thomas (2008). "Dante: Tours of Hell: Mapping the Landscape of Sin and Despair". In Stewart, Jon (ed.). Kierkegaard and the Patristic and Medieval Traditions. Ashgate. pp. 223–236. ISBN 9780754663911.
- Raffa, Guy P. (2009). The Complete Danteworlds: A Reader's Guide to the Divine Comedy. University of Chicago Press. ISBN 978-0-226-70270-4.
- Scott, John A. (1996). Dante's Political Purgatory, Philadelphia, University of Pennsylvania Press.
- Seung, T. K. (1962). The Fragile Leaves of the Sibyl: Dante's Master Plan. Westminster, MD: Newman Press.
- Toynbee, Paget (1898) A Dictionary of the Proper Names and Notable Matters in the Works of Dante. London, The Clarendon Press.
- Whiting, Mary Bradford (1922). Dante the Man and the Poet. Cambridge, England. W. Heffer & Sons, ltd.
- Allitt, John Stewart. (2011). Dante, il Pellegrino, Villa di Serio (BG), Edizioni Villadiseriane (in Italian).
- Giovanni Andrea Scartazzini La Divina Commedia riveduta e commentata - (1874-1890, 4 vol.)
- Giovanni Andrea Scartazzini Enciclopedia dantesca: dizionario critico e ragionato di quanto concerne la vita e le opere di Dante Alighieri - (1896-1898, 2 vol.)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Dante Alighieri entry by Winthrop Wetherbee in the Stanford Encyclopedia of Philosophy
- The World of Dante multimedia, texts, maps, gallery, searchable database, music, teacher resources, timeline
- The Princeton Dante Project Archived 2009-06-03 at the Wayback Machine. texts and multimedia
- The Dartmouth Dante Project searchable database of commentary
- Società Dantesca Italiana (bilingual site) manuscripts of works, images and text transcripts
- "Digital Dante" – Divine Comedy with commentary, other works, scholars on Dante
- Yale Course on Dante
- Works Italian and Latin texts, concordances and frequency lists
- രചനകൾ ദാന്തെ അലിഗ്യേരി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ദാന്തെ അലിഗ്യേരി എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദാന്തെ, അലിഘീറി (1265 - 1321) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |