[go: nahoru, domu]

Jump to content

ഹാറ്റി മക്ഡാനിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hattie McDaniel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാറ്റി മക്ഡാനിയൽ
മക്ഡാനിയൽ 1939ൽ
ജനനം(1893-06-10)ജൂൺ 10, 1893[1][2]
മരണംഒക്ടോബർ 26, 1952(1952-10-26) (പ്രായം 59)
അന്ത്യ വിശ്രമംആഞ്ചലസ്-റോസ്ഡേൽ സെമിത്തേരി
തൊഴിൽനടി, ഗായിക-ഗാനരചയിതാവ്, ഹാസ്യകലാകാരി.
സജീവ കാലം1920–1951
ജീവിതപങ്കാളി(കൾ)
  • ഹോവാർഡ് ഹിക്ക്മാൻ
    (m. 1911; died 1915)
  • ജോർജ് ലാംഗ്ഫോർഡ്
    (m. 1922; died 1925)
  • ജെയിംസ് ലോയ്ഡ് ക്രോഫോർഡ്
    (m. 1941; div. 1945)
  • ലാറി വില്ല്യംസ്
    (m. 1949; div. 1950)

ഹാറ്റി മക്ഡാനിയൽ (ജീവിതകാലം: ജൂൺ 10, 1893-ഒക്ടോബർ 26, 1952) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവും ഹാസ്യനടിയുമായിരുന്നു. ഗോൺ വിത്ത് ദി വിൻഡ് (1939) എന്ന ചിത്രത്തിലെ മാമ്മി എന്ന കഥാപാത്രത്തിന്റെ പേരിൽ, മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം നേടിയ അവർ, ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കക്കാരിയായിത്തീർന്നു. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ രണ്ട് നക്ഷത്രങ്ങളുള്ള അവർ 1975 ൽ ബ്ലാക്ക് ഫിലിംമേക്കേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തപ്പെടുകയും, 2006 ൽ യു.എസ്. തപാൽ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ച ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ഓസ്കാർ ജേതാവായി.[3] 2010 -ൽ കൊളറാഡോ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തപ്പെട്ടു.[4] അഭിനയത്തിനു പുറമേ, 1926 നും 1929 നും ഇടയിൽ മക്ഡാനിയൽ ബ്ലൂസ് സംഗീതവിഭാഗത്തിൽ 16 ഗാനങ്ങൾ റെക്കോർഡ് ചെയ്തതോടൊപ്പം റേഡിയോ അവതാരകയും ടെലിവിഷൻ വ്യക്തിത്വവുമായിരുന്ന അവർ അമേരിക്കയിൽ റേഡിയോയിൽ പാടുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായിരുന്നു.[5][6] മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചെങ്കിലും 83 -ന് മാത്രമാണ് അവൾക്ക് സ്ക്രീൻ ക്രെഡിറ്റുകൾ ലഭിച്ചത്.[7]

തന്റെ ഔദ്യോഗികജീവിതത്തിലുടനീളം, വംശീയതയും വംശീയ വേർതിരിവും അനുഭവിച്ച മക്ഡാനിയലിന് അറ്റ്ലാന്റയിലെ വെള്ളക്കാർക്ക് മാത്രമുള്ള തിയേറ്ററിൽ നടന്ന ഗോൺ വിത്ത് ദി വിൻഡിന്റെ പ്രീമിയറിൽ പങ്കെടുക്കാനായില്ല. ലോസ് ഏഞ്ചൽസിലെ ഓസ്കാർ ചടങ്ങിൽ, അവർക്ക് മുറിയുടെ വശത്തുള്ള ഒരു മേശപ്പുറത്തായിരുന്നു സ്ഥാനം. 1952 -ൽ മക്ഡാനിയൽ സ്തനാർബുദം മൂലം അന്തരിച്ചു. ശ്മശാനം വെള്ളക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ ഹോളിവുഡ് സെമിത്തേരിയിൽ അടക്കം ചെയ്യാനുള്ള അവരുടെ അന്ത്യാഭിലാഷം നിരസിക്കപ്പെട്ടു.

ആദ്യകാലം

[തിരുത്തുക]

1893-ൽ കാൻസാസിലെ വിചിതയിൽ മുമ്പ് അടിമകളായിരുന്ന മാതാപിതാക്കളുടെ 13 കുട്ടികളിൽ ഏറ്റവും ഇളയവളായി മക്ഡാനിയേൽ  ജനിച്ചു.  മാതാവ് സൂസൻ ഹോൾബർട്ട് സുവിശേഷ സംഗീത ഗായികയും പിതാവ് ഹെൻട്രി മക്ഡാനിയൽ 122 –ആമത് യു.എസ്. കളേഡ് ട്രൂപ്പിനോടൊപ്പം ആഭ്യന്തരയുദ്ധത്തിൽ പോരാടിയ വ്യക്തിയുമായിരുന്നു. 1900-ൽ, കൊളറാഡോയിലേക്ക് താമസം മാറ്റിയ കുടുംബം ആദ്യം ഫോർട്ട് കോളിൻസിലും പിന്നീട് ഡെൻവറിലുമായി താമസിക്കുകയും അവിടെ ഈസ്റ്റ് ഹൈസ്കൂളിൽ (1908-1910) ചേർന്ന ഹാറ്റി ഡെൻവർ, 1908-ൽ വിമൻസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയൻ സ്പോൺസർ ചെയ്ത ഒരു മത്സരത്തിൽ "കോൺവിക്റ്റ് ജോ" എന്ന ഗീതം പാരായണം ചെയ്യുകയും പിന്നീട് ഒന്നാം സ്ഥാനം നേടിയെന്ന് അവകാശപ്പെടുകയും ചെയ്തു. സഹോദരൻ സാം മക്ഡാനിയൽ, 1948 ത്രീ സ്റ്റൂഗെസ് എന്ന ഹാസ്യ സംഘത്തോടൊപ്പം ഹ്രസ്വചിത്രമായ ഹെവൻലി ഡെയ്‌സിൽ ബട്ട്ലറായി അഭിനയിച്ചിരുന്നു. സഹോദരി എറ്റ മക്ഡാനിയലും ഒരു നടിയായിരുന്നു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

അഭിനയത്തിന്റെ തുടക്കം

[തിരുത്തുക]

മക്ഡാനിയൽ ഒരു ഗാനരചയിതാവും ഒരു അവതാരകയുമായിരുന്നു. അവളുടെ സഹോദരൻ ഓട്ടിസ് മക്ഡാനിയലിന്റെ ഒരു നാടോടി കാർണിവൽ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അവൾ ഗാനരചനാ വൈഭവം നേടി. മക്ഡാനിയലും അവളുടെ സഹോദരി എറ്റ ഗോഫും 1914-ൽ മക്ഡാനിയൽ സിസ്റ്റേഴ്സ് കമ്പനി എന്ന പേരിൽ ഒരു വനിതാ നാടോടി ഷോ ആരംഭിച്ചു. 1916 ൽ സഹോദരൻ ഓട്ടിസിന്റെ മരണശേഷം ട്രൂപ്പിന് പണനഷ്ടം സംഭവിക്കുകയും 1920 വരെ ഹാറ്റിക്ക് തന്റെ അടുത്ത മുന്നേറ്റത്തിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തു. 1920 മുതൽ 1925 വരെ, പ്രൊഫസർ ജോർജ് മോറിസന്റെ മെലഡി ഹൗണ്ട്സ് എന്ന കറുത്ത പര്യടന സംഘത്തോടൊപ്പം അവൾ പ്രത്യക്ഷപ്പെട്ടു. 1920-കളുടെ മധ്യത്തിൽ, ഡെൻവറിലെ സ്റ്റേഷൻ KOA- യിൽ മെലഡി ഹൗണ്ട്സിനൊപ്പം പാടിക്കൊണ്ട് അവൾ ഒരു റേഡിയോ ജീവിതം ആരംഭിച്ചു. 1926 മുതൽ 1929 വരെ, ഷിക്കാഗോയിൽ ഒകെഹ് റെക്കോർഡ്സ്, പാരമൗണ്ട് റെക്കോർഡ് എന്നിവർക്കുവേണ്ടി  അവർ നിരവധി ഗാനങ്ങൾ റെക്കോർഡുചെയ്‌തു.

അവലംബം

[തിരുത്തുക]
  1. 1900 US census, 1895 Kansas census for Hattie Mcdaniel. "Ancestry. com".{{cite web}}: CS1 maint: numeric names: authors list (link)
  2. Hattie McDaniel bio. "Biography. com".
  3. "Hattie McDaniel, First African American to Win an Academy Award, Featured on New 39-Cent Postage Stamp" Archived July 7, 2008, at the Wayback Machine., press release, US Postal Service, January 25, 2006.
  4. "Hattie McDaniel". Colorado Women's Hall of Fame. Retrieved May 17, 2020.
  5. "Hattie McDaniel Biography". MTV. Archived from the original on 2008-04-30. Retrieved April 21, 2010.
  6. Jackson, Carlton. Hattie: The Life of Hattie McDaniel, Lanham, Maryland: Madison Books, 1990. ISBN 1-56833-004-9
  7. "Hattie Mcdaniel". Blackclassicmovies.com. Archived from the original on May 24, 2013. Retrieved April 14, 2013.
"https://ml.wikipedia.org/w/index.php?title=ഹാറ്റി_മക്ഡാനിയൽ&oldid=4095864" എന്ന താളിൽനിന്ന് ശേഖരിച്ചത്