[go: nahoru, domu]

Jump to content

റേരും നൊവാരും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rerum Novarum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റേരും നൊവാരും
(Latin: Of revolutionary change)
Leo XIII മാർപ്പാപ്പയുടെ ചാക്രികലേഖനം
In ipso Pastoralis
തീയതി [[{{{day}}} {{{month}}}]] [[{{{year}}}]]
സാരാംശം On Capital and Labour
എണ്ണം 37 of 85 of the Pontificate
മൂലവാക്യം in Latin
in English
Leo XIII.

ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1891 മേയ് 15-ന് പുറപ്പെടുവിച്ച ഒരു ചാക്രികലേഖനമാണ് റേരും നൊവാരും. ലത്തീനിൽ ആ പേരിന് "പുതിയ കാര്യങ്ങളെക്കുറിച്ച്" എന്നാണർത്ഥം. സാധാരണ ചാക്രികലേഖനങ്ങളെപ്പോലെ, എല്ലാ കത്തോലിക്കാ മെത്രാന്മാർക്കും അയച്ച ഈ തുറന്ന കത്തിന്റെ വിഷയം തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ ആയിരുന്നു. “മുതലാളികളുടെയും തൊഴിലാളികളുടേയും അവകാശങ്ങളും കടമകളും" എന്ന ഉപശീർഷകവും ഈ ലിഖിതത്തിനുണ്ട്. ജർമ്മൻ ദൈവശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന വിൽഹെം എമ്മാനുവേൽ വോൺ കെറ്റെലർ, ഇംഗ്ലണ്ടിൽ വെസ്റ്റ്മിൻസ്റ്ററിലെ റോമൻ കത്തോലിക്കാ മെത്രാൻ കർദ്ദിനാൾ ഹെൻറി എഡ്വേർഡ് മാനിങ്ങ് എന്നിവർ ഇതിന്റെ രചനയെ സ്വാധീനിച്ചിട്ടുണ്ട്.

തൊഴിലാളികളും അവരെ വേലയ്ക്കെടുക്കുന്ന മുതലാളികളും തമ്മിലും, ഭരണകൂടങ്ങളും പൗരന്മാരും തമ്മിലുമുള്ള ബന്ധത്തെ ഇതു ചർച്ച ചെയ്യുന്നു. ഇതിന്റെ മുഖ്യവ്യഗ്രതയായി കാണപ്പെട്ടത്, "തൊഴിലാളിവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തിന്റെ മേലും നീതിരഹിതമായി ചുമത്തപ്പെട്ടിരിക്കുന്ന കഷ്ടപ്പാടും ദുരിതാവസ്ഥയും" ആയിരുന്നു.[1] തൊഴിലാളികളുടെ സംഘടനാവകാശത്തെ പിന്തുണച്ച ചാക്രികലേഖനം, വർഗ്ഗസമരം അനിവാര്യമാണെന്നു വാദിച്ച കമ്മ്യൂണിസത്തേയും ലാഭക്കൊതിയിൽ ഊന്നിയ കടിഞ്ഞാണില്ലാത്ത മുതലാളിത്തത്തേയും എതിർത്തെങ്കിലും സ്വകാര്യസ്വത്തിനുള്ള അവകാശത്തെ പിന്തുണച്ചു.[2]

സമൂഹഘടനയെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത വീക്ഷണത്തിൽ കാര്യമായ മാറ്റമൊന്നും സൂചിപ്പിക്കാതിരുന്ന ഈ ലിഖിതം, പരമ്പരാഗതവീക്ഷണത്തെ അധുനികസാഹചര്യങ്ങളിൽ പ്രസക്തമാക്കാനുള്ള ശ്രമമെന്ന നിലയിൽ ഒരു മുന്നേറ്റമായിരുന്നു.[3] പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ കത്തോലിക്കാ രാജ്യങ്ങളിൽ പോലും, സ്ഥാപിതവ്യവസ്ഥയുടെ മുഖ്യസ്തംഭങ്ങളിലൊന്ന് എന്ന അവസ്ഥയിൽ നിന്ന് മതനിരപേക്ഷസമൂഹത്തിലെ പല സ്വതന്ത്രസ്ഥാപനങ്ങളിൽ ഒന്നുമാത്രമെന്ന നിലയിലേക്കു കത്തോലിക്കാ സഭ മാറിയിരുന്നു. ഈ പരിവർത്തനത്തെ സഭ തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ് ചാക്രികലേഖനം നൽകിയത്.[4]

ഈ ലിഖിതത്തിലെ പല നിലപാടുകളേയും, ലിയോ പതിമൂന്നാമന്റെ പിൻഗാമികൾ പിൽക്കാലങ്ങളിൽ പുറപ്പെടുവിച്ച ചാക്രികലേഖനങ്ങൾ വിശദീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. 1931-ൽ അതിന്റെ നാല്പതാം വാർഷികത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ പുറപ്പെടുവിച്ച "നാല്പതാമത്തെ വർഷം"(ക്വാദ്രാജെസിമോ ആനോ) അത്തരത്തിൽ ഒരു രചനയാണ്. യോഹന്നാൻ ഇരുപത്തിമൂന്നാമന്റെ 1961-ലെ "മാതാവും ഗുരുനാഥയും" (മാതെർ എറ്റ് മജിസ്ട്രാ), ജോൺ പോൾ രണ്ടാമന്റെ 1991-ലെ "നൂറാം വർഷം" (സെന്റസ്സിമസ് അന്നസ്) എന്നിവ "റേരും നൊവാരും"-നെ ഈ വിധത്തിൽ പിന്തുടർന്ന ലിഖിതങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. Paragraph 3, Rerum Novarum.
  2. A History of Christianity, Kenneth Scott Latourette (പുറം 1103)
  3. "Encyclical follows the lines of the traditional teaching concerning the rights and duties of property and the relations of employer and employee" കത്തോലിക്കാ വിജ്ഞാനകോശത്തിൽ റേരും നൊവാരുമിനെക്കുരിച്ചുള്ള ലേഖനം
  4. A New History of Christianity, Vivian Green (പുറം 289)
"https://ml.wikipedia.org/w/index.php?title=റേരും_നൊവാരും&oldid=3405087" എന്ന താളിൽനിന്ന് ശേഖരിച്ചത്